Tuesday, January 21, 2014

നിമിഷങ്ങള്‍ഷ്ടപെട്ടുപോയ നിമിഷങ്ങള്‍...അതിന്‍റെ ആകത്തുക...


അതാണ് ജീവിതം ....

ഇനി ഒരിക്കലെങ്കിലും പൂക്കുവാന്‍ കഴിയാതെ ...
ഋതുക്കള്‍ മാറിവരുന്നതും...

വെയിലും മഴയും ഒന്നും അറിയാതെ...
നിയും എത്ര നാള്‍...

സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു വസന്ത കാലം
ഒരിക്കലെങ്കിലും ഇതു വഴി വന്നെങ്കില്‍ ...

ഒരിക്കല്‍,
ഒരിക്കല്‍ മാത്രം...


ജീവിതത്തിന്‍റെ പ്രസരിപ്പും തുടിപ്പും ചലനവും...
സിരകളിലൂടെ ഒഴുകിയെത്തുന്ന നവ ചൈതന്യവും...
അങ്ങനെ നഷ്ടപെട്ടെ പലതും...പലതും...

Wednesday, August 15, 2012

സ്വാതന്ത്ര്യത്തിന്റെ വില....


അഞ്ചോ പത്തോ രൂപയ്ക്ക് വാങ്ങിക്കുന്ന കൊടി തോരണങ്ങളുമായോ നയാപൈസ മുടക്കാതെ ഗൂഗിളില്‍ നിന്നും കടമെടുക്കുന്ന പടങ്ങളുമായോ ഒരു ദിവസത്തേക്ക് മാത്രമായി ആഘോഷിക്കാനുള്ളതാണോ നമ്മുടെ ദേശഭക്തി……?
ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നേടി തരുവാന്‍ ആയിരങ്ങള്‍ തങ്ങളുടെ ജീവിതം ഹോമിച്ചു. ആയിരങ്ങള്‍ തടവറകളില്‍ അടക്കപ്പെട്ടു. അവരാരും തങ്ങളുടെ സ്വന്തം ജീവിതം വലുതായി കണ്ടില്ല. അവര്‍ അന്ന് അനുഭവിച്ച ത്യാഗത്തിന്റെ വില ഇന്ന് നമ്മള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുമൊരു കെട്ടുകാഴ്ച മാത്രം.
ഏതൊക്കെയോ പേരുകളില്‍ ആരൊക്കെയോ ആഘോഷിക്കുന്ന കുറെയേറെ ‘ദിനങ്ങളില്‍’ ഒരു ദിനം മാത്രം. സ്വാതന്ത്ര്യത്തിന്റെ വില ശരിയായി മനസ്സിലാക്കുവാന്‍ നമ്മള്‍ക്ക് കഴിയണം. ഹര്‍ത്താലും ബന്ദുകളും നടത്തി പൊതുമുതല്‍ നശിപ്പിക്കാനും പോതുജനങ്ങളെ പെരുവഴിയിലാക്കാനും മാത്രമുള്ളതാണോ സ്വാതന്ത്ര്യം.
സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുവാനായി ആരുടെ സ്വാതന്ത്ര്യവും ഹനിക്കുവാന്‍ മടിക്കാത്ത നമ്മള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ഒരു ആത്മ പരിശോധന നടത്താനുള്ള സമയമായി നമുക്കീ സ്വാതന്ത്ര്യ ദിനത്തെ കാണാം. 
മൂക്കില്‍ ജീവ ശ്വാസം ഉള്ളിടത്തോളം....ഓരോ ദിവസവും ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ഭാഷാ വ്യത്യാസമില്ലാതെ നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കട്ടെ നാം ഭാരതീയര്‍ എന്ന വിചാരം. അതെ ഒരു നല്ല നാളെ സ്വപനം കണ്ടുകൊണ്ടു വരും തലമുറയ്ക്ക് മാതൃകയായി അച്ചടക്കവും ദേശീയ ബോധവും ഉള്ളവരായ ഒരു ജനതയായി നമുക്ക് മാറാം.
ജയ് ഹിന്ദ്..

Wednesday, April 13, 2011

കിളിവാലന്‍കുന്നിന്‍റെ താഴ്‌വരയില്‍...

കിളിവാലന്‍ കുന്നു...
എനിയ്ക്ക് ഓര്‍മ്മവയ്ക്കുംബോഴേ ഒരു മോട്ടകുന്നായിരുന്നു എങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്‍റെ തിലക കുറി തന്നെയായിരുന്നു അത് ....
അങ്ങിങ്ങായി കുറച്ചു കരിമ്പനകളുമായി...
പണ്ട് അതില്‍ ഒരു പാട് മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നുവത്രേ...
സത്യത്തില്‍ അത് രണ്ടുകുന്നുകള്‍ ചേര്‍ന്നതാണ്....
ഒന്നു വലുതും രണ്ടാമത്തേത് അതിന്‍റെ പിന്നില്‍ നീണ്ട ഒരു വാലുപോലെ..
അങ്ങിനെയാണത്രേ കിളിവാലന്‍ കുന്നു എന്ന പേര് കിട്ടിയത്...
അകലെ നിന്നും നോക്കിയാല്‍ പച്ചപട്ടുടുത്ത ഒരു തടിച്ചി പെണ്ണിനെ പോലെ മനോഹരി..
അക്കാലങ്ങളില്‍ ഞങ്ങളുടെ പ്രധാന കളിസ്ഥലമായിരുന്നു ആ കുന്ന്...
ഒഴിവുദിവസങ്ങളില്‍ ഞങ്ങള്‍ ആ കുന്നിന്‍മുകളില്‍ തന്നെയായിരിക്കും....
കുന്നിന്‍റെ മുകളില്‍ ഉച്ചസമയത്ത്‌ പോലും ചൂട് അനുഭപെടുമായിരുന്നില്ല...
ഏറ്റവും ‍മുകളില്‍ ധാരാളം പുല്ലുവളര്‍ന്നു നിന്നിരുന്നു..
അവിടെ സിനിമകളിലെ സ്റ്റണ്ട് അനുകരിക്കുകയായിരുന്നു പ്രധാന വിനോദം...
ജയനായും നസീറായും ഒക്കെ ഞങ്ങള്‍ മാറി...
പലപ്പോഴും ജയനെയും നസീറിനെയും അനുകരിച്ചു സിനിമ സ്റ്റൈലില്‍ അടികൂടിയിരുന്ന ഞങ്ങള്‍ പെട്ടന്നായിരിക്കും സ്വന്തം നിലയില്‍ അടിതുടങ്ങുക...
കാരണം ലളിതം...
ജയനോ നസീറിനോ ചിലപ്പോള്‍ പിഴയ്ക്കും...
പിന്നത്തെ കാര്യം പറയാതെ അറിയാമല്ലോ.....
വലിയ പാറകല്ലുകള്‍ താഴേയ്ക്ക് ഉരുട്ടിവിടുക അതായിരുന്നു മറ്റൊരു പരിപാടി...
കുന്നിന്‍മുകളില്‍ ഇഷ്ടംപോലെ പാറകല്ലുകള്‍ വലുതും ചെറുതും ആയി താഴേയ്ക്ക് ഉരുട്ടി വിടുകയേ വേണ്ടു...
ആ കല്ലുകള്‍ അങ്ങ് താഴെയ്ക്ക് എത്തുമ്പോള്‍ ഞങ്ങള്‍ നാരണത്തു ഭ്രാന്തന്‍മാരായി ആര്‍ത്തുവിളിക്കും...
പിന്നെ കള്ളനും പോലീസും..
എന്നാല്‍ ഇതിനേക്കാളേറെ എനിയ്ക്ക് സന്തോഷം പകര്‍ന്നിരുനത്.....
സന്ധ്യ സമയങ്ങളില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയ സൂര്യന്റെ പോന്‍കിരണങ്ങള്‍ അരയ്ക്കൊപ്പം വളര്‍ന്ന് നില്‍ക്കുന്ന ആ പുല്‍ മേടുകള്‍ക്ക് തീ പിടിപ്പിച്ചു ഞങ്ങളുടെ കുന്നിന്‍പുറമാകെ പൊന്നില്‍ കുളിപ്പിക്കുന്ന കാഴ്ചയായിരുന്നു...
വലിയ കുന്നിന്‍റെ തെക്കേ ചരിവില്‍ ഒരു ചെറിയ പാറക്കെട്ടുണ്ടായിന്നു .
അതിന്റെ ഉള്ളില്‍ നിന്നും എതുവേനലിലും അല്‍പ്പമല്‍പ്പമായി കിനിഞ്ഞിറങ്ങി ഒരു ചെറിയ വെള്ളച്ചാല്‍ രൂപപെട്ടിരുന്നു...
ആ പാറയ്ക്കുള്ളില്‍ നിന്നും കടലിലേയ്ക്ക് ഒരു ഗുഹയ്ണ്ടെന്നും അത് അടച്ചുവച്ചിരിക്കുകയാണെന്നും എന്നെങ്കിലും അത് തുറക്കുകയാണെങ്കില്‍ ഞങ്ങളുടെ ഗ്രാമം ‍ ആ വെള്ളത്തില്‍ ഒലിച്ചുപോകുമെന്നും ഒക്കെയായിരുന്നു ഞങ്ങളുടെ അറിവുകള്‍..... അല്‍പ്പം പേടിയോടെയാണെങ്കിലും പലപ്പോഴും ഞങ്ങള്‍ അവിടെ പോയി പാറയ്ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്‍റെ പ്രശ്നമല്ലേ...
ആ കുന്നിന്പുറത്തു വച്ചാണ് ഞങ്ങള്‍ കണ്ണാന്തളി പൂ കണ്ടത്....
കാട്ടുതെച്ചിയുടെ ചെറിയ ചുവന്ന പഴത്തിനു ആപ്പിളിന്‍റെ രുചിയാണെന്നു കണ്ട്പിടിച്ചതും അവിടെ വച്ചുതന്നെ...
ചകിരി പഴം കൊണ്ട് പൊട്ടതോക്കില്‍ വെടിവച്ചു കളിക്കുകയായിരുന്നു മറ്റൊരു വിനോദം..
പഴുത്ത ചകിരിപ്പഴത്തിന്‍റെ മാധുര്യം ഇപ്പോഴും നാവില്‍ തങ്ങിനില്‍ക്കുന്നു..
മുള്ളിന്‍പ്പഴത്തിന്‍റെ സ്വാദും അതിന്‍റെ മുള്ള് കൊള്ളുമ്പോഴത്തെ വേദനയും എങ്ങിനെ മറക്കാന്‍ കഴിയും...
കുന്നിന്‍റെ പടിഞ്ഞാറേ ചെരുവില്‍ ഒരു കുളമുണ്ട്....
ഒരു പൊട്ടക്കുളം...
പണ്ട് ഏതോ ഭുതത്താന്‍മാര്‍ കുഴിച്ചതാണത്രെ...
അല്ലെങ്കിലും ഈ ഭുതതന്മാര്‍ക്ക് വേറെ പണിയില്ല കുളങ്ങളും കോട്ടകളും ഒക്കെ കെട്ടുകയായിരുന്നു ഇവരുടെ പ്രധാനന തൊഴില്‍ എന്ന് തോന്നും...
കാലത്തിന്‍റെ മുന്നോട്ടുള്ള പാച്ചിലില്‍ ആകെയുണ്ടായിരുന്ന കരിമ്പനകളും ഞങ്ങളുടെ കുന്നിനു നഷ്ടപ്പെട്ടു...
പിന്നീട് എപ്പോഴോ അതിന്‍റെ ഉടമകളായ മനക്കാര്‍ ആ കുന്നു വില്‍ക്കുവാന്‍ പോകുകയാണെന്ന് ഒരു വാര്‍ത്ത പരന്നു...
ഉടനെ അത് നടന്നില്ലെങ്കിലും കുറെ വര്‍ഷത്തിനു ശേഷം അത് സംഭവിച്ചു...
ആദ്യം റോഡ്‌ സൈഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ എല്ലാം മുറിച്ചുവിറ്റു..
കുറ്റം പറയരുതല്ലോ വടക്കേ കുന്നിന്‍ചെരുവില്‍ മിക്കവാറും സ്ഥലം കുറെ പേര്‍ക്ക് മിച്ചഭുമിയായി പതിച്ചു നല്‍കി. ബാക്കി വന്ന കുന്ന് മൊത്തമായി ഒരാള്‍ വാങ്ങിച്ചു റബ്ബര്‍ നട്ടുപിടിപ്പിച്ചു.......
അപ്പോഴേയ്ക്കും ഞങ്ങളുടെ ബാല്യം എല്ലാം കഴിഞ്ഞു ഞങ്ങള്‍ കൌമാരത്തിലെത്തിയിരുന്നു...
ക്രിക്കറ്റ് കളി ഒരു തരംഗമായി ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പടരുന്ന സമയം ..
അതിന്റെ ആവേശത്തില്‍ ആ കുന്നിന്‍പുറം നഷ്ടപെടുന്ന വേദന ഞങ്ങള്‍ അറിയാതെ പോയി....
ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ അറിയുന്നു..
ഞങ്ങളുടെ ഏറ്റവും വേദന ഉളവാക്കുന്ന ഒന്നായിരുന്നു ആ കുന്നിന്‍ പുറം ഞങ്ങള്‍ക്ക് നഷ്ടപെട്ടത് ....
ഞങ്ങളുടെ മാത്രമല്ല ആ നഷ്ടം...
ഞങ്ങളുടെ മക്കള്‍ക്കും....
അവര്‍ക്കപ്പുറം കടന്നുവരുന്ന തലമുറകള്‍ക്കും....
അവര്‍ അറിയുന്നില്ലല്ലോ അവര്‍ക്ക് നഷ്ടപെട്ടത് എന്താണെന്ന്.........
ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും വെറുതെ ആശിച്ചു പോകുന്നു....
ആ ബാല്യം തിരിച്ചുവന്നെങ്കില്‍ എന്ന്....
ആ കുന്നിന്‍റെ താഴ്വാരത്തു ഉയര്‍ന്നു പൊങ്ങിയ മണിമാളികകളുടെ അപ്പുറം മുള്ളുവേലി കെട്ടി അട്യ്ക്കപെട്ട റബ്ബര്‍മരങ്ങളാല്‍ മറയ്ക്കപെട്ട ഞങ്ങളുടെ പ്രിയ്യപെട്ട കുന്നിന്‍പ്പുറവും...
ഭൂതത്താന്മാരും പോട്ടക്കുളവും പാറകെട്ടുകളും ...
എല്ലായ്പ്പോഴും വെള്ളം കിനിഞ്ഞിറങ്ങുന്ന ആ നീരുറവയും എല്ലാം....
ഇപ്പോഴും ഞങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ത്തിരിക്കുന്നതായി അതിലെ കടന്നുപോകുമ്പോള്‍ തോന്നിപ്പോകുന്നു....
കടപ്പാട് (ചിത്രം): Basanth Peringode

Tuesday, April 12, 2011

മഹാബലിപുരത്തെ ചില വിശേഷങ്ങള്‍.....


ഹാബലിപുരം....
തമിഴ്നാട്ടിലെ കാന്‍ജീപുരം ജില്ലയില്‍ പെട്ട ഒരു ചെറിയ പട്ടണം .....
ചെന്നൈ(മദ്രാസ്)യില്‍ നിന്നും ഏകദേശം 60 km അകലെ തെക്ക് ഭാഗത്ത് കടല്‍തീരത്തോട് ചേര്‍ന്നാണിത്...
AD 7ല്‍ ദക്ഷിണേന്ത്യയിലെ പല്ലവ രാജവംശത്തിന്റെ
അധീനതയില്‍ പെട്ട ഒരു തുറമുഖ പട്ടണമായിരുന്നു ഇത്...
അക്കാലത്ത് അവരുടെ പ്രധാന വിനോദമായിരുന്നു മല്ലയുദ്ധം.....
പല്ലവ രാജാവായിരുന്ന നരസിംഹവര്‍മ്മന്‍ 'മാമല്ലന്‍' (great wrestler)
എന്ന വിശേഷണ നാമം സ്വീകരിച്ചു...
അതിനുശേഷമാണ് മാമല്ലപുരം എന്ന് വിളിക്കപ്പെടുവാന്‍ ഇടയായത് ..
ആ മാമാല്ലപുരം ആണ് പിന്നീട് മഹാബലിപുരം ആയി മാറിയത്...
മഹാബലിപുരത്തെ ഗുഹകളിലും ക്ഷേത്രങ്ങളിലും മിക്കവാറും
മഹാഭാരതം കഥസന്ദര്‍ഭങ്ങള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

ഏകദേശം 39 അടി ശരാശരി ഉയരത്തില്‍ പണി തീര്‍ത്തിട്ടുള്ള ശിലാ ശില്‍പ്പങ്ങള്‍
കാലത്തിനു തോറ്റുകൊടുക്കാതെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.....
പല്ലവ രാജാകന്മാരയിരുന്ന നരസിംഹവര്‍മ്മന്റെയും രാജസിംഹവര്‍മന്റെയും
ഭരണകാലത്താണ് ഭൂരിഭാഗവും പണിതീര്‍ത്തിരിക്കുന്നത്...
കുന്നിന്‍മുകളില്‍ പണിതിരിക്കുന്ന ക്ഷേത്രങ്ങള്‍ ചെത്തിനിരപ്പക്കാത്ത കല്ലിലാണ്
നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അര നൂറ്റാണ്ടിനു ശേഷം പടുത്തുയര്‍ത്തിയ കടലോര ക്ഷേത്രം
ചെത്തിമിനുക്കിയ കല്ലുകള്‍ കൊണ്ടാണ് പണിതിരിക്കുന്നത്....
ഇതില്‍ നിന്നും തന്നെ പല്ലവ സംസ്കാരം വളരെ കാലികമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്....
കടലോര ക്ഷേത്രത്തിനു പല ഗോപുരങ്ങള്‍ ഉണ്ട് ..
അവയില്‍ ഒന്ന് 100 അടി നീളത്തിലും 45 അടി ഉയരത്തിലും ആണ് പണിതിരിക്കുന്നത്...
ഇതെല്ലാം ചരിത്രം........
ഞാന്‍ മദ്രാസ്സില്‍ ആയിരിക്കുമ്പോള്‍ പലപ്പോഴും അവിടെ പോകുമായിരുന്നു.....
ഓരോ തരിയിലും ചരിത്രം ഉറങ്ങുന്ന ആ മണ്ണിലൂടെ നടക്കുമ്പോള്‍
ഓരോ ശില്പ്പങ്ങളും നോക്കി കാണുമ്പോള്‍ .....
മനസ്സ് നൂറ്റാണ്ടുകള്‍ അപ്പുറത്തേക്ക് സഞ്ചരിക്കും....
ഗുഹാ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കൊത്തിവക്കപെട്ട ശില്‍പ്പങ്ങള്‍
തനിയെ നിന്ന് നോക്കി കാണുമ്പോള്‍ ആ പഴയ പല്ലവരാജാക്കന്മാര്‍
ഒരിക്കല്‍ കടന്നു വന്നു ഇതുപോലെ നോക്കികണ്ടിരുന്നു എന്ന അറിവ്
പലപ്പോഴും കോരിത്തരിപ്പിക്കുമായിരുന്നു.....
പണിതീര്‍ക്കാന്‍ നൂറ്റാണ്ടുകള്‍ പല്ലവവംശത്തിനു അവശേഷിക്കാത്തത് കൊണ്ടാകാം
അനേകം പാറക്കെട്ടുകള്‍ അങ്ങിനെ തന്നെ ശേഷിച്ചത്...
ഒറ്റക്കല്ലിലും അല്ലാതെയും ഉള്ള ആ ശില്പ്പങ്ങളും കൊത്തുപണികളും
ഗുഹക്ഷേത്രങ്ങളും കണ്ടുനടക്കുമ്പോള്‍ ആ ശില്പ്പികളുടെ കരവിരുതിനും അധ്വാനത്തിനും
മുമ്പില്‍ അറിയാതെ നമ്മുടെ ശിരസ്സ്‌ കുനിഞ്ഞുപോകും....
ആ കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍ കണ്ടുനില്‍ക്കുമ്പോള്‍ സമയം
കടന്നു പോകുന്നത് അറിയുകയേ ഇല്ല...
ഉയര്‍ന്ന പാറകെട്ടുകള്‍ക്ക് മുകളില്‍ നിന്നും അകലെ കടല്കരയിലെയ്ക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ച് മനോഹരമാണ്....
അതുപോലെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സുര്യാസ്തമയവും .....
ഈ കാഴ്ചകള്‍ തന്നെ ആയിരിക്കാം പലപ്പോഴും ആ ശില്പ്പികള്‍ക്ക് സന്തോഷം പകര്‍ന്നിരുന്നത്...
അവിടെയിരുന്നവര്‍ എത്ര സ്വപ്നം കണ്ടിരിക്കും...
അവരുടെ കൈപ്പാടുകള്‍ മാഞ്ഞുപോകാത്ത ആ പാറപുറത്തു അങ്ങിനെ ഇരിക്കുമ്പോള്‍  ഈ ലോകത്തില്‍ അല്ല എന്നുപോലും തോന്നിപ്പോകുമായിരുന്നു....
മടക്ക യാത്ര പലപ്പോഴും ഇരുട്ടിയത്തിനു ശേഷം
ഏറെകുറെ വിജനമായ സമയത്തായിരിക്കും....
പണിതീരാത്ത ശില്‍പ്പങ്ങളുടെ ഉളിപാടുകളില്‍ വിരലോടിച്ചു
 
പടികളിറങ്ങുമ്പോള്‍ ഏതോ നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നും
മടങ്ങി വരുന്നതുപോലെ ആയിരിക്കും മനസ്സ്....
അവസാനം ഒടുക്കത്തെ ആളും കുന്നിറങ്ങുമ്പോള്‍
 
ആ അപൂര്‍ണ്ണ ശില്‍പ്പങ്ങള്‍ അപ്പോഴും
തങ്ങളെ വിട്ടു മറഞ്ഞുപോയ ആ സുവര്‍ണ്ണ‍കാലത്തിലേക്ക് നോക്കി നില്‍ക്കുകയായിരിക്കും...
തങ്ങളെ വിട്ടേച്ചു പോയ ആ മഹാശില്പ്പികളുടെ
 കാലടിയൊച്ചയും പ്രതീക്ഷിച്ചുകൊണ്ട് .....


മഹാബലിപുരത്തെ ചില കാഴ്ചകള്

camera- Sony Cybershot DSC P93 (5.1)


Friday, April 8, 2011

ഇരുട്ടില്‍ അല്‍പ്പസമയം.....[കഥ]


ഇന്ന് വല്ലാത്ത ഒരു ദിവസമായിരുന്നു......
ഒരു നിമിഷം പോലും സ്വസ്ഥമായി ഇരിക്കാന്‍ പറ്റാതെ....
അല്ലെങ്കിലും തന്‍റെ എല്ലാ ദിവസങ്ങളും ഏറെകുറെ ഇങ്ങനെ തന്നെയല്ലേ.....
ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ ഊണിനു വന്നേക്കാം എന്ന വാഗ്ദാനമെല്ലാം കൊടുത്തു വന്നതാണ്....
പക്ഷെ ഉച്ചക്കുള്ള പതിവ് ഫോണ്‍ വിളി പോലും നടന്നില്ല.....
ഇടക്കെപ്പോഴോ നാന്‍സി വിളിച്ചിരുന്നു....
പറഞ്ഞ സമയത്ത് കാണാതായപ്പോള്‍....
ഇപ്പോള്‍ അവള്‍ക്കും പഴയ വിഷമം ഒന്നും കാണുന്നില്ല.....
കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ വിളിച്ചതാണ്.....
മോള് കരയുകയായിരുന്നു.....
പപ്പയുടെ കൂടെ ഇരുന്നേ മാമു കഴിക്കുകയുള്ളത്രേ.....
ഒരു വിധത്തില്‍ പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നു.....
എത്ര ദിവസമായി മോളെ ഒന്ന് ശരിക്ക് കണ്ടിട്ട്....
ഞായറാഴ്ച പോലും അവരോടൊത്ത് ചിലവഴിക്കാന്‍ കഴിയാതവണ്ണം
താന്‍ തിരക്കില്‍ പെട്ട് പോവുകയായിരുന്നു.....
ബിസിനസ്സ് മീറ്റിങ്ങ് എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍
ആകെ തളര്‍ന്നു പോയിട്ടുണ്ടാവും....
ഒരുറക്കം കഴിഞ്ഞു വാതില്‍ തുറക്കാന്‍ വരുന്ന അവളുടെ കണ്ണുകള്‍ക്ക്
ആ പഴയ തിളക്കം എല്ലാം നഷ്ടപെട്ടിരിക്കുന്നു....
പഴയ പരിഭവങ്ങളോ കുറ്റപെടുത്തലോ ഒന്നും ഇല്ല....
എല്ലാം തികച്ചും യാന്ത്രികം....
എല്ലാം താനും അറിയുന്നുണ്ട്.....
ഒഴുക്കില്‍ പെട്ടുപോകുന്നവന്റെ നിസ്സഹായത...
താനെങ്ങിനെ ഇങ്ങനെ ആയിപ്പോയി....
ഈ കമ്പനിയില്‍ വന്നു പെട്ടതിനു ശേഷമാണ് താനിങ്ങനെ ആയത്....
മത്സരം....
അതിനനനുസരിച്ചുള്ള പ്രതിഫലം......
എല്ലാം വെട്ടിപിടിക്കുവാന്‍ ഒരു വാശി.....
ഓരോരോ പടികള്‍ കയറിച്ചെല്ലുമ്പോള്‍ അതിനേക്കാള്‍ ഉയരത്തില്‍ മറ്റൊന്ന്....
അതിനിടയില്‍ ഒരിക്കല്‍ തനിക്ക് പ്രിയപെട്ടതായിരുന്ന പലതും നഷ്ടപെടുത്തേണ്ടി വന്നു..
പക്ഷെ നഷ്ടപെടുത്തിയത് ജീവിതത്തിന്‍റെ പ്രകാശം തന്നെയായിരുന്നു.....
ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നിപോകുന്നു...
രക്ഷപെടണം ......
എങ്ങനെ...?
ഈ ദിവസങ്ങളില്‍ എല്ലാം അത് തന്നെയായിരുന്നു മനസ്സില്‍.....
എല്ലാ തിരക്കുകളും മാറ്റിവച്ചു കൊണ്ട് ഒരു ഒഴിവുകാലം....
ഈ സാഹചര്യത്തില്‍ അതെങ്കിലും ഒരു ആശ്വാസം ആകും....
ഇല്ലെങ്കില്‍ തനിക്ക് ഭ്രാന്ത് പിടിക്കുമോ എന്നുപോലും വിചാരിച്ചുപോകുന്നു....
ഇന്നത്തെ മീറ്റിങ്ങ് എല്ലാം കഴിഞ്ഞപ്പോള്‍ ബോസ്സ് തികച്ചും
സന്തോഷവാനായിരുന്നു.....
ഇത്ര പെട്ടെന്നു ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല....
അഭിനന്ദനങ്ങള്‍ക്കൊടുവില്‍ കാര്യം അവതരിപ്പിച്ചു.....
അദ്ദേഹം ഒരെതിര്‍പ്പും കൂടാതെ സമ്മതിക്കുകയും ചെയ്തു....
പത്തു ദിവസത്തെ ലീവ് .....
ലോട്ടറി അടിച്ചതുപോലെയാണ് മനസ്സ്.....
താനും നാന്‍സിയും കുഞ്ഞും മാത്രമുള്ള ഒരു ലോകത്തെയ്ക്കൊരു യാത്ര.......
ഇത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ആ പഴയ തിളക്കം
തിരിച്ചുവരാതിരിക്കില്ല....
ഇനി എല്ലാം പ്ലാന്‍ ചെയ്യണം.....
നാന്‍സിയോടു ഒന്നും സൂചിപ്പിച്ചിരുന്നില്ല.....
നടക്കാതെ വന്നാല്‍ അവള്‍ വിഷമിക്കും....
എല്ലാ തീരുമാനവും അവള്‍ക്കു വിട്ടുകൊടുക്കണം.....
അവള്‍ തീരുമാനിക്കട്ടെ എവിടെ പോകണമെന്ന്....
റോഡില്‍ തിരക്ക് വളരെ കുറവാണ്.....
വീട്ടില്‍ എത്തിച്ചേരുവാന്‍ മനസ്സ് തിടുക്കം കൂട്ടുകയാണ്...
പെട്ടെന്ന് മൊബൈലില്‍ നിന്നും മണിനാദം ഉയര്‍ന്നു.....
നാന്‍സിയാണ്.....
രണ്ടു മിനിട്ടില്‍ വീട്ടില്‍ എത്തിച്ചേരാം എന്ന് പറഞ്ഞു ഫോണ്‍ വച്ചു.....
കുറച്ചകലെയായി തങ്ങളുടെ വീട് കാണാം.....
തൊട്ടുമുമ്പുള്ള ജങ്ങ്ഷനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.....
കാല്‍ വീണ്ടും ആക്സിലേട്ടറില്‍ അമര്‍ന്നു....
പെട്ടെന്നാണ് ഇടതു വശത്ത് നിന്നും ഒരു ടിപ്പര്‍ ലോറി പാഞ്ഞു വരുന്നത് കണ്ടത്....
ഒരു വലിയ ശബ്ദം.....
പിന്നെ ഭീകരമായ്‌ ഒരു നിശബ്ദത.......
കാഴ്ച മങ്ങി പോകുന്നതുപോലെ.....
ഓടികൂടുന്ന ആളുകള്‍.....
തിരക്കിനിടയിലൂടെ എങ്ങനെ പുറത്തു വന്നു എന്ന് അറിയില്ല....
കാറിലേയ്ക്ക് ഒന്നേ നോക്കിയുള്ളൂ.....
മുന്‍ഭാഗം മുഴുവന്‍ ടിപ്പറിനടിയില്‍ ചതഞ്ഞു പോയിരിക്കുന്നു....
തന്‍റെ ദേഹത്ത് ഒരു തുള്ളി ചോരപോലും പോടിഞ്ഞിട്ടില്ല എന്നുള്ളത് അപ്പോഴാണ് ശ്രദ്ധിച്ചത്...
വല്ലാത്ത ക്ഷീണം....
ഒന്നിനും ശക്തിയില്ലാതായത് പോലെ....
ആരും തന്നെ ശ്ശ്രദ്ധിക്കുന്നതേയില്ല.....
എല്ലാവരും കാറിനു ചുറ്റും കൂടി നില്‍ക്കുകയാണ്...
പെട്ടെന്നാണത് കണ്ടത്....
നാന്‍സി മോളെയും എടുത്തു ഓടിവരുന്നു....
അവളും അകലെ നിന്നും കണ്ടിരിക്കുന്നു.....
അലറി കരഞ്ഞാണ് അവള്‍ വരുന്നത്....
സാരമില്ല....
തന്നെ കാണുമ്പോള്‍ അവള്‍ക്കു സമാധാനമാവും.....
പക്ഷെ തന്നെ കണ്ടിട്ടും അവള്‍ മുമ്പോട്ടു തന്നെ കുതിക്കുകയാണ്.....
അടുത്ത വീട്ടിലെ നിര്‍മ്മല ചേച്ചി അവളെ പെട്ടെന്ന് പിടിച്ചു നിര്‍ത്തി....
താനവളുടെ അടുത്തെത്തിയിട്ടും അവള്‍ ശ്രദ്ധിക്കുന്നില്ല....
എല്ലാവരും കാറിനുള്ളിലേക്ക് നോക്കുകയാണ്...
ആരോ ഉള്ളില്‍ കിടക്കുന്നുണ്ട്....
അതാരാണ് തന്‍റെ കാറിനുള്ളില്‍...
ആള്‍കൂട്ടം കാരണം ഒന്നും കാണാന്‍ കഴിയുന്നില്ല....
പെട്ടെന്ന് ഫയര്ഫോര്സിന്റെ സൈറന്‍ മുഴങ്ങി.....
ഒപ്പം ആംബുലന്‍സും ഉണ്ട്....
എന്തിനാണ് ഇതൊക്കെ....
ഒന്നും മനസ്സിലാകുന്നില്ല.....
നാന്‍സിക്ക് ചുറ്റും അയലത്തെ സ്ത്രീകള്‍ കൂടി നില്‍ക്കുന്നു....
തന്റെ പൊന്നുമോള്‍ നിര്‍മ്മല ചേച്ചിയുടെ കൈകളില്‍ ആണ്....
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.....
ഉള്ളില്‍ കുടുങ്ങി കിടക്കുന്ന അയാളെ പുറത്തേയ്ക്ക് എടുക്കുകയാണ്....
ഡോക്ടര്‍ അയാളുടെ പള്‍സ് നോക്കിയ ശേഷം എന്തോ പറഞ്ഞു....
ഫയര്ഫോര്‍സു കാരില്‍ ഒരാള്‍ ആള്കൂട്ടത്തെ മാറ്റി നിര്‍ത്തി.....
ഡോക്ടര്‍ കിടക്കുന്ന ആളിന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്താന്‍ തുടങ്ങി.....
പതിയെ കാറിനരികലേയ്ക്ക് നടന്നു....
ഇപ്പോള്‍ അയാളുടെ മുഖം തനിക്ക് കാണാം...
തലച്ചോറില്‍ ഒരു നടുക്കം മിന്നല്‍ പിണരായ്‌ പാഞ്ഞു.....
അത് താന്‍ തന്നെയല്ലേ.....
ദൈവമേ.....
ആ നിലവിളി തന്‍റെ തൊണ്ടയില്‍ കുരുങ്ങിയതുപോലെ....
ശബ്ദം പുറത്തു വരുന്നില്ല....
താനെങ്ങിനെ ശരീരത്തില്‍ നിന്നും പുറത്തു വന്നു....
പതിയെ രക്തത്തില്‍ കുളിച്ചു ചതഞ്ഞു പോയ ആ ശരീരത്തില്‍ കയറികൂടാന്‍ ശ്രമിച്ചു നോക്കി...
ഒന്ന് തൊടാന്‍ പോലും കഴിയുന്നില്ല....
അതിനര്‍ത്ഥം.....
താന്‍ മരിച്ചിരിക്കുന്നു.....
മരണം.....
എത്രയോ അകലെയെന്നു വിചാരിച്ച അത് തന്നെ ഇത്ര പെട്ടെന്ന് കീഴ്പെടുതിയല്ലോ.....
ഹൃദയത്തില്‍ ഒരായിരം മുനകളുള്ള സൂചി കുത്തിയിറക്കിയതുപോലെ.....
കാഴ്ച മങ്ങുന്നു....
ആരെയും കാണാന്‍ കഴിയുന്നില്ല...
ആള്‍കൂട്ടത്തിന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു.....
ചുറ്റും ഇരുട്ട് മാത്രം...
മരണത്തിന്‍റെ ഗന്ധമുള്ള കൂരിരുട്ട്....
നാന്‍സിയെവിടെ.....
ദൈവമേ എന്റെ മോള്.....
പപ്പയില്ലാതെ തന്‍റെ മോള്‍.......
ഇത്ര ചെറുപ്പത്തിലെ തന്‍റെ ഭാര്യ ഒരു വിധവ ആയിരിക്കുന്നു....
തന്‍റെ ശരീരത്തിനും ഈ ലോകത്തിനും താന്‍ അന്ന്യനായിരിക്കുന്നു....
പൂകളുടെ സുഗന്ധം പരക്കുന്ന .....
കിളികളുടെ കലപില മുഴങ്ങുന്ന....
മഞ്ഞു പോഴിയുന്ന ഒരു താഴ്വരയിലൂടെ.....
കൈകള്‍ കോര്‍ത്തുപിടിച്ചു താനും നാന്‍സിയും ഞങ്ങളുടെ പോന്നുമോളും....
താന്‍ കണ്ട സ്വപനം അത് തന്നോട് കൂടെ അവസാനിക്കും....
ഇനിയവരുടെ ജീവിതത്തില്‍ ഒരു വസന്തകാലം ഉണ്ടാകുമോ.....
ജീവിതത്തിലേയ്ക്ക് തുറക്കുന്ന ഏതെങ്കിലും
ഒരു കിളിവാതില്‍ മുമ്പിലുണ്ടോ....
കാണാന്‍ കഴിയുന്നില്ല....
ചുറ്റിലും കൂരിരുട്ട് മാത്രം....
നെഞ്ചില്‍ എന്തോ കയറ്റി വച്ചതുപോലെ വല്ലാത്ത ഭാരം....
ആരോ തന്‍റെ മീശയില്‍ പിടിച്ചു വലിക്കുന്നത് പോലെ.....
കണ്ണ് തുറക്കാന്‍ കഴിയുന്നില്ല....
ഇപ്പോള്‍ മങ്ങിപോയ കാഴ്ച് തിരിച്ചു വന്നിരിക്കുന്നു....
മോള് നെഞ്ചില്‍ കയറി ഇരിപ്പാണ്....
എന്താ ചേട്ടാ ഇത്...
ഇന്ന് വൈകീട്ട് ആറുമണിക്ക് എവിടെയോ മീറ്റിങ്ങ് ഉണ്ടെന്നു പറഞ്ഞിട്ട്....
ഇതെന്തുറക്കമാ....
നാന്‍സിയുടെ ശബ്ദം മുഴങ്ങി....
അപ്പോള്‍ താന്‍ മരിച്ചിട്ടില്ലേ......?
ഇല്ല ...
ഉറപ്പാണ്....
അപ്പോള്‍ അത് ഒരു സ്വപ്നം ആയിരുന്നു ....
ഒരു വല്ലാത്ത സ്വപ്നം.....
രണ്ടാം ജന്മത്തിലെന്നപോലെ ചുറ്റും നോക്കി.....
മോള് തന്നെ നോക്കി ചിരിക്കുന്നു....
പതിയെ ജനവാതില്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി.....
എത്ര സുന്ദരമായ ലോകം....
ഒരു തണുത്ത കാറ്റ് മനസ്സിനെ തണുപ്പിച്ചു കടന്നു പോയി....
പുറത്തു ചെറുതായി മഴ പൊഴിയാന്‍ തുടങ്ങിയിരുന്നു......
തന്‍റെ മനസ്സിലും......