Wednesday, April 13, 2011

കിളിവാലന്‍കുന്നിന്‍റെ താഴ്‌വരയില്‍...

കിളിവാലന്‍ കുന്നു...
എനിയ്ക്ക് ഓര്‍മ്മവയ്ക്കുംബോഴേ ഒരു മോട്ടകുന്നായിരുന്നു എങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്‍റെ തിലക കുറി തന്നെയായിരുന്നു അത് ....
അങ്ങിങ്ങായി കുറച്ചു കരിമ്പനകളുമായി...
പണ്ട് അതില്‍ ഒരു പാട് മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നുവത്രേ...
സത്യത്തില്‍ അത് രണ്ടുകുന്നുകള്‍ ചേര്‍ന്നതാണ്....
ഒന്നു വലുതും രണ്ടാമത്തേത് അതിന്‍റെ പിന്നില്‍ നീണ്ട ഒരു വാലുപോലെ..
അങ്ങിനെയാണത്രേ കിളിവാലന്‍ കുന്നു എന്ന പേര് കിട്ടിയത്...
അകലെ നിന്നും നോക്കിയാല്‍ പച്ചപട്ടുടുത്ത ഒരു തടിച്ചി പെണ്ണിനെ പോലെ മനോഹരി..
അക്കാലങ്ങളില്‍ ഞങ്ങളുടെ പ്രധാന കളിസ്ഥലമായിരുന്നു ആ കുന്ന്...
ഒഴിവുദിവസങ്ങളില്‍ ഞങ്ങള്‍ ആ കുന്നിന്‍മുകളില്‍ തന്നെയായിരിക്കും....
കുന്നിന്‍റെ മുകളില്‍ ഉച്ചസമയത്ത്‌ പോലും ചൂട് അനുഭപെടുമായിരുന്നില്ല...
ഏറ്റവും ‍മുകളില്‍ ധാരാളം പുല്ലുവളര്‍ന്നു നിന്നിരുന്നു..
അവിടെ സിനിമകളിലെ സ്റ്റണ്ട് അനുകരിക്കുകയായിരുന്നു പ്രധാന വിനോദം...
ജയനായും നസീറായും ഒക്കെ ഞങ്ങള്‍ മാറി...
പലപ്പോഴും ജയനെയും നസീറിനെയും അനുകരിച്ചു സിനിമ സ്റ്റൈലില്‍ അടികൂടിയിരുന്ന ഞങ്ങള്‍ പെട്ടന്നായിരിക്കും സ്വന്തം നിലയില്‍ അടിതുടങ്ങുക...
കാരണം ലളിതം...
ജയനോ നസീറിനോ ചിലപ്പോള്‍ പിഴയ്ക്കും...
പിന്നത്തെ കാര്യം പറയാതെ അറിയാമല്ലോ.....
വലിയ പാറകല്ലുകള്‍ താഴേയ്ക്ക് ഉരുട്ടിവിടുക അതായിരുന്നു മറ്റൊരു പരിപാടി...
കുന്നിന്‍മുകളില്‍ ഇഷ്ടംപോലെ പാറകല്ലുകള്‍ വലുതും ചെറുതും ആയി താഴേയ്ക്ക് ഉരുട്ടി വിടുകയേ വേണ്ടു...
ആ കല്ലുകള്‍ അങ്ങ് താഴെയ്ക്ക് എത്തുമ്പോള്‍ ഞങ്ങള്‍ നാരണത്തു ഭ്രാന്തന്‍മാരായി ആര്‍ത്തുവിളിക്കും...
പിന്നെ കള്ളനും പോലീസും..
എന്നാല്‍ ഇതിനേക്കാളേറെ എനിയ്ക്ക് സന്തോഷം പകര്‍ന്നിരുനത്.....
സന്ധ്യ സമയങ്ങളില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയ സൂര്യന്റെ പോന്‍കിരണങ്ങള്‍ അരയ്ക്കൊപ്പം വളര്‍ന്ന് നില്‍ക്കുന്ന ആ പുല്‍ മേടുകള്‍ക്ക് തീ പിടിപ്പിച്ചു ഞങ്ങളുടെ കുന്നിന്‍പുറമാകെ പൊന്നില്‍ കുളിപ്പിക്കുന്ന കാഴ്ചയായിരുന്നു...
വലിയ കുന്നിന്‍റെ തെക്കേ ചരിവില്‍ ഒരു ചെറിയ പാറക്കെട്ടുണ്ടായിന്നു .
അതിന്റെ ഉള്ളില്‍ നിന്നും എതുവേനലിലും അല്‍പ്പമല്‍പ്പമായി കിനിഞ്ഞിറങ്ങി ഒരു ചെറിയ വെള്ളച്ചാല്‍ രൂപപെട്ടിരുന്നു...
ആ പാറയ്ക്കുള്ളില്‍ നിന്നും കടലിലേയ്ക്ക് ഒരു ഗുഹയ്ണ്ടെന്നും അത് അടച്ചുവച്ചിരിക്കുകയാണെന്നും എന്നെങ്കിലും അത് തുറക്കുകയാണെങ്കില്‍ ഞങ്ങളുടെ ഗ്രാമം ‍ ആ വെള്ളത്തില്‍ ഒലിച്ചുപോകുമെന്നും ഒക്കെയായിരുന്നു ഞങ്ങളുടെ അറിവുകള്‍..... അല്‍പ്പം പേടിയോടെയാണെങ്കിലും പലപ്പോഴും ഞങ്ങള്‍ അവിടെ പോയി പാറയ്ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്‍റെ പ്രശ്നമല്ലേ...
ആ കുന്നിന്പുറത്തു വച്ചാണ് ഞങ്ങള്‍ കണ്ണാന്തളി പൂ കണ്ടത്....
കാട്ടുതെച്ചിയുടെ ചെറിയ ചുവന്ന പഴത്തിനു ആപ്പിളിന്‍റെ രുചിയാണെന്നു കണ്ട്പിടിച്ചതും അവിടെ വച്ചുതന്നെ...
ചകിരി പഴം കൊണ്ട് പൊട്ടതോക്കില്‍ വെടിവച്ചു കളിക്കുകയായിരുന്നു മറ്റൊരു വിനോദം..
പഴുത്ത ചകിരിപ്പഴത്തിന്‍റെ മാധുര്യം ഇപ്പോഴും നാവില്‍ തങ്ങിനില്‍ക്കുന്നു..
മുള്ളിന്‍പ്പഴത്തിന്‍റെ സ്വാദും അതിന്‍റെ മുള്ള് കൊള്ളുമ്പോഴത്തെ വേദനയും എങ്ങിനെ മറക്കാന്‍ കഴിയും...
കുന്നിന്‍റെ പടിഞ്ഞാറേ ചെരുവില്‍ ഒരു കുളമുണ്ട്....
ഒരു പൊട്ടക്കുളം...
പണ്ട് ഏതോ ഭുതത്താന്‍മാര്‍ കുഴിച്ചതാണത്രെ...
അല്ലെങ്കിലും ഈ ഭുതതന്മാര്‍ക്ക് വേറെ പണിയില്ല കുളങ്ങളും കോട്ടകളും ഒക്കെ കെട്ടുകയായിരുന്നു ഇവരുടെ പ്രധാനന തൊഴില്‍ എന്ന് തോന്നും...
കാലത്തിന്‍റെ മുന്നോട്ടുള്ള പാച്ചിലില്‍ ആകെയുണ്ടായിരുന്ന കരിമ്പനകളും ഞങ്ങളുടെ കുന്നിനു നഷ്ടപ്പെട്ടു...
പിന്നീട് എപ്പോഴോ അതിന്‍റെ ഉടമകളായ മനക്കാര്‍ ആ കുന്നു വില്‍ക്കുവാന്‍ പോകുകയാണെന്ന് ഒരു വാര്‍ത്ത പരന്നു...
ഉടനെ അത് നടന്നില്ലെങ്കിലും കുറെ വര്‍ഷത്തിനു ശേഷം അത് സംഭവിച്ചു...
ആദ്യം റോഡ്‌ സൈഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ എല്ലാം മുറിച്ചുവിറ്റു..
കുറ്റം പറയരുതല്ലോ വടക്കേ കുന്നിന്‍ചെരുവില്‍ മിക്കവാറും സ്ഥലം കുറെ പേര്‍ക്ക് മിച്ചഭുമിയായി പതിച്ചു നല്‍കി. ബാക്കി വന്ന കുന്ന് മൊത്തമായി ഒരാള്‍ വാങ്ങിച്ചു റബ്ബര്‍ നട്ടുപിടിപ്പിച്ചു.......
അപ്പോഴേയ്ക്കും ഞങ്ങളുടെ ബാല്യം എല്ലാം കഴിഞ്ഞു ഞങ്ങള്‍ കൌമാരത്തിലെത്തിയിരുന്നു...
ക്രിക്കറ്റ് കളി ഒരു തരംഗമായി ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പടരുന്ന സമയം ..
അതിന്റെ ആവേശത്തില്‍ ആ കുന്നിന്‍പുറം നഷ്ടപെടുന്ന വേദന ഞങ്ങള്‍ അറിയാതെ പോയി....
ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ അറിയുന്നു..
ഞങ്ങളുടെ ഏറ്റവും വേദന ഉളവാക്കുന്ന ഒന്നായിരുന്നു ആ കുന്നിന്‍ പുറം ഞങ്ങള്‍ക്ക് നഷ്ടപെട്ടത് ....
ഞങ്ങളുടെ മാത്രമല്ല ആ നഷ്ടം...
ഞങ്ങളുടെ മക്കള്‍ക്കും....
അവര്‍ക്കപ്പുറം കടന്നുവരുന്ന തലമുറകള്‍ക്കും....
അവര്‍ അറിയുന്നില്ലല്ലോ അവര്‍ക്ക് നഷ്ടപെട്ടത് എന്താണെന്ന്.........
ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും വെറുതെ ആശിച്ചു പോകുന്നു....
ആ ബാല്യം തിരിച്ചുവന്നെങ്കില്‍ എന്ന്....
ആ കുന്നിന്‍റെ താഴ്വാരത്തു ഉയര്‍ന്നു പൊങ്ങിയ മണിമാളികകളുടെ അപ്പുറം മുള്ളുവേലി കെട്ടി അട്യ്ക്കപെട്ട റബ്ബര്‍മരങ്ങളാല്‍ മറയ്ക്കപെട്ട ഞങ്ങളുടെ പ്രിയ്യപെട്ട കുന്നിന്‍പ്പുറവും...
ഭൂതത്താന്മാരും പോട്ടക്കുളവും പാറകെട്ടുകളും ...
എല്ലായ്പ്പോഴും വെള്ളം കിനിഞ്ഞിറങ്ങുന്ന ആ നീരുറവയും എല്ലാം....
ഇപ്പോഴും ഞങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ത്തിരിക്കുന്നതായി അതിലെ കടന്നുപോകുമ്പോള്‍ തോന്നിപ്പോകുന്നു....
കടപ്പാട് (ചിത്രം): Basanth Peringode

6 comments:

  1. നമ്മുടെ സ്വന്തം കിളിവാലൻ കുന്ന്.
    ഞങ്ങൾ ചെറുപ്പത്തിൽ കിളിവാലൻ കുന്നിനെക്കുറിച്ച് കഥകൾ ഉണ്ടാക്കിപ്പറയാറുണ്ട്.അവിടെ പോകണമെന്ന് ചെറുപ്പത്തിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും പേടിയായിരുന്നു. യക്ഷിയുണ്ടത്രെ! പഴയതെല്ലാം ഓർമ്മയാണ്. ഓർമ്മ മാത്രം.
    നല്ല അവതരണം.

    ReplyDelete
  2. njanippolum athinaduthu thanne aanu thamasam ... :)

    ReplyDelete
  3. ഷമീര്‍ ഹരീഷ് ഈ വഴി വന്നു ഈ കിളിവാലന്‍ കുന്നിന്‍റെ താഴ്വരയില്‍ അല്‍പ്പസമയം ചിലവഴിച്ചതിനും രണ്ടു വരി കുറിച്ചിട്ടതിനും നന്ദി.....

    ReplyDelete
  4. റോയിച്ചായോ കിളിവാലന്‍കുന്നിന്‍റെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ എന്തോ വല്ലാത്ത ഒരനുഭൂതി ചെറുപ്പത്തില്‍ കുറെ കേട്ടറിഞ്ഞിട്ടുണ്ട്,പോകാന്‍ കഴിഞ്ഞിട്ടില്ല .നല്ല വിവരണം ആശംസകള്‍ ഇനിയും എഴുതുക

    ReplyDelete