Wednesday, August 15, 2012

സ്വാതന്ത്ര്യത്തിന്റെ വില....


അഞ്ചോ പത്തോ രൂപയ്ക്ക് വാങ്ങിക്കുന്ന കൊടി തോരണങ്ങളുമായോ നയാപൈസ മുടക്കാതെ ഗൂഗിളില്‍ നിന്നും കടമെടുക്കുന്ന പടങ്ങളുമായോ ഒരു ദിവസത്തേക്ക് മാത്രമായി ആഘോഷിക്കാനുള്ളതാണോ നമ്മുടെ ദേശഭക്തി……?
ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നേടി തരുവാന്‍ ആയിരങ്ങള്‍ തങ്ങളുടെ ജീവിതം ഹോമിച്ചു. ആയിരങ്ങള്‍ തടവറകളില്‍ അടക്കപ്പെട്ടു. അവരാരും തങ്ങളുടെ സ്വന്തം ജീവിതം വലുതായി കണ്ടില്ല. അവര്‍ അന്ന് അനുഭവിച്ച ത്യാഗത്തിന്റെ വില ഇന്ന് നമ്മള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുമൊരു കെട്ടുകാഴ്ച മാത്രം.
ഏതൊക്കെയോ പേരുകളില്‍ ആരൊക്കെയോ ആഘോഷിക്കുന്ന കുറെയേറെ ‘ദിനങ്ങളില്‍’ ഒരു ദിനം മാത്രം. സ്വാതന്ത്ര്യത്തിന്റെ വില ശരിയായി മനസ്സിലാക്കുവാന്‍ നമ്മള്‍ക്ക് കഴിയണം. ഹര്‍ത്താലും ബന്ദുകളും നടത്തി പൊതുമുതല്‍ നശിപ്പിക്കാനും പോതുജനങ്ങളെ പെരുവഴിയിലാക്കാനും മാത്രമുള്ളതാണോ സ്വാതന്ത്ര്യം.
സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുവാനായി ആരുടെ സ്വാതന്ത്ര്യവും ഹനിക്കുവാന്‍ മടിക്കാത്ത നമ്മള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ഒരു ആത്മ പരിശോധന നടത്താനുള്ള സമയമായി നമുക്കീ സ്വാതന്ത്ര്യ ദിനത്തെ കാണാം. 
മൂക്കില്‍ ജീവ ശ്വാസം ഉള്ളിടത്തോളം....ഓരോ ദിവസവും ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ഭാഷാ വ്യത്യാസമില്ലാതെ നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കട്ടെ നാം ഭാരതീയര്‍ എന്ന വിചാരം. അതെ ഒരു നല്ല നാളെ സ്വപനം കണ്ടുകൊണ്ടു വരും തലമുറയ്ക്ക് മാതൃകയായി അച്ചടക്കവും ദേശീയ ബോധവും ഉള്ളവരായ ഒരു ജനതയായി നമുക്ക് മാറാം.
ജയ് ഹിന്ദ്..

No comments:

Post a Comment